നവോദയ
സാംസകാരിക വേദി
കിഴക്കന്‍ പ്രവിശ്യ, സൗദി അറേബ്യ
പ്രവാസികള്‍ ആധുനിക കാലത്തെ നാടോടികളാണ്. ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തോടെ വേരുകള്‍ പറിച്ചു നടാനാവാതെ ശിഖരങ്ങള്‍ മാത്രം പലായനം ചെയ്യപ്പെടുന്നവര്‍. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികൾ ഇതര പ്രവാസി സമൂഹത്തിൽ നിന്നും വ്യത്യസ്ത മാണ്. ജീവസന്ധാരണാര്‍ത്ഥം പാടെ വിഭിന്നമായ ഒരു സാംസ്കാരിക പരിസരത്ത് ജീവിക്കേണ്ടി വരുമ്പോള്‍ അന്യമാകുന്ന സാംസ്കാരിക സ്വത്വം പ്രവാസി സമൂഹത്തിനുണ്ട് .
സാമ്പത്തിക ചൂഷണങ്ങളെയും തൊഴില്‍ ചൂഷണങ്ങളെയും വേണ്ട വിധത്തില്‍ പ്രതിരോധിക്കാന്‍ പ്രവാസിസമൂഹത്തിന് സാധിക്കാതെ പോവാറുണ്ട്. അങ്ങിനെ ഒരു ഘട്ടത്തില്‍ ആണ് ജാതി-മത-പ്രദേശിക വരേണ്യ ബോധങ്ങളെ മാറ്റി വച്ചു കൊണ്ട് മാനവികമായ ചിന്തയുടെ ഉയര്‍ന്ന തലങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് നവോദയ സാംസ്കാരിക വേദി രൂപവത്ക്കരിക്കുന്നത് .
പ്രവാസി മലയാളിയുടെ സാംസ്കാരികവും, സാമൂഹിക ക്ഷേമപരവും, സാമ്പത്തികവുമായ രംഗങ്ങളില്‍ കയ്യൊപ്പ് ചാര്‍ത്താന്‍ ഈ സംഘടനയ്ക്ക് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തെ കൂട്ടായ പ്രവർത്തനം കൊണ്ട് സാധിച്ചിട്ടുണ്ട് എന്നത് അഭിമാനകരമാണ്. സംഘടന അംഗങ്ങളിൽ കൂടുതലും നിർമ്മാണ തൊഴിലാളികളും തോട്ടം തൊഴിലാളികളും വർക്ക് ഷോപ്പ് ജീവനക്കാരും വ്യാവസായിക രംഗത്തും, വ്യാപാര മേഖലയിലുള്ളവരും അവരുടെ കുടുംബാംഗങ്ങളും ആണ്.
ഒരുകൂട്ടം മികച്ച കലാകാരന്മാരും ഇവിടെ ഉണ്ട്. പ്രവാസം കൊണ്ട് വേരറ്റുപോയവർ. അവരുടെ കലാസപര്യക്ക് വേദികൾ ലഭിക്കാതെ പോയവർ. അവരുടെയെല്ലാം പൊതുവേദിയും, സാഹിത്യ ചിന്തയുടെയും സാംസ്കാരിക സംവാദങ്ങളുടേയും അരങ്ങൊരുക്കുന്ന ഒരു ഇടം കൂടിയാണിത്.
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പൊതു കൂട്ടായ്മയാണ് നവോദയ സാംസ്കാരിക വേദി. 2001 സെപ്തംബര്‍ 21നു അല്‍കോബാറിലെ റാക്കയില്‍ വെച്ചു രൂപവത്ക്കരിക്കപ്പെട്ട നവോദയ ഇപ്പോള്‍ അല്‍ഹസ, അബ്ഖൈഖ്, ജൂബൈല്‍, റഹീമ, ദമ്മാം, കോബാര്‍-തുക്ബ മേഖലയില്‍ സജീവ സാന്നിധ്യമുള്ള പ്രവാസ ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക സംഘടനയാണ്.
കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടി ശാസ്ത്രബോധത്തിലും മാനവീകതയിലും ഊന്നിയുള്ള പുരോഗമന ആശയങ്ങളെ അടിത്തറയാക്കിയാണ് നവോദയ പ്രവർത്തിക്കുന്നത്.
പുരോഗമന, ജനാധിപത്യ, മതനിരപേക്ഷ കാഴ്ചപ്പാടുള്ള എല്ലാ പ്രവാസി മലയാളികളുടെയും പൊതുവേദിയായി മാറാൻ ഈ കഴിഞ്ഞ 22 വർഷത്തെ പ്രവർത്തനത്തിലൂടെ നവോദയക്ക് കഴിഞ്ഞിട്ടുണ്ട്. ജാതി മത ദേശ പരിഗണനകളോ, പക്ഷപാതിത്വമോ കാട്ടാതെ നവോദയയുടെ അടിസ്ഥാന തത്വങ്ങളിൽ വിശ്വസിക്കുകയും കൂറ് പുലർത്തുകയും ചെയ്യുന്ന അംഗങ്ങൾ ആണ് നവോദയയുടെ ശക്തിയും കരുത്തും.